തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും ഇന്നു ധാരണയായേക്കും. ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവർക്കു നൽകേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും ഘടകക്ഷികളുടെ അഭിപ്രായം തേടും.
മന്ത്രിമാരെ കൂടാതെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ഗവണ്മെന്റ് ചീഫ് വിപ്പ് എന്നീ കാബിനറ്റ് പദവികൾ കൂടാതെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ, മുന്നാക്ക-പിന്നാക്ക സമുദായ ക്ഷേമ കമ്മീഷൻ തുടങ്ങിയ കാബിനറ്റ് പദവികളുടെ വീതം വയ്പുമുണ്ടാകും. ഇന്നു വൈകുന്നേരം നാലിന് കന്റോണ്മെന്റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുക.
മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചെങ്കിലും കോണ്ഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ചർച്ച വരാനിരിക്കുന്നതേയുള്ളൂ. പരിചയസന്പത്തും യുവത്വവും സാമുദായിക സമവാക്യങ്ങളും അടിസ്ഥാനമാക്കിയാകും കോണ്ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആലോചനയിലുള്ളത്. ജില്ലാ പ്രാതിനിധ്യവും ചർച്ചയിലെത്തും.
അന്തിമ പട്ടിക ഹൈക്കമാൻഡ് നിർദേശത്തിൽ
കോണ്ഗ്രസ് പാർട്ടിയുടെയും ഹൈക്കമാൻഡിന്റെയും നിർദേശമനുസരിച്ചാകും കോണ്ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാക്കുക. മന്ത്രിസഭയിലെത്താൻ തയാറായാൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യവും ഉറപ്പാകും. ഇന്നു ഗുരുവായൂരിൽ നിന്നു മടങ്ങിയെത്തുന്ന രമേശ് ചെന്നിത്തലയെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ടു ചർച്ച നടത്തും.
മന്ത്രിസഭയിൽ എത്താൻ സാധ്യതയുള്ള കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ അധ്യക്ഷൻ കെ. മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ കാര്യത്തിലും മാറ്റമുണ്ടാകില്ല.
പൂർണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നാണു മുതിർന്ന നേതാക്കളുടെ നിർദേശം. എന്നാൽ, കോണ്ഗ്രസിലെ തർക്കം രൂക്ഷമായാൽ തിങ്കളാഴ്ച രാവിലെ 10നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ഘടകകക്ഷി നേതാക്കളുമാകും സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുള്ളത്.